March 31, 2013

ആമേന്‍ അഥവാ കൈ നനയാതെ ആമീന്‍ പിടുത്തം


കഷ്ടപ്പെടുവാന്‍ തയ്യാറാകാതെ സ്ഥിരം വിജയ ഫോര്‍മുലകള്‍ പകര്‍ത്തുന്ന കൈ നനയാതുള്ള ആ  മീന്‍ പിടുത്തം നടന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ കുറുക്കന്മാര്‍ ഒരിയിടുന്നത് പോലെ ആമേന്‍ എന്ന ഏറാന്‍ മൂളി പടച്ചു വിടുന്ന സിനിമാ അസംബന്ധങ്ങളെ 'സ്വര്‍ണ്ണപ്പൊതിക്കുള്ളിലെ മാലിന്യം' എന്നാണു ലിജോയുടെ ആമേന്‍ സിനിമ ആമുഖമായി പറഞ്ഞു തരുന്നതു . എന്നാല്‍ ഈ മാലിന്യമത്സരത്തിന്റെ ചെകിട്ടിനു ഓരോ അടി കൊടുത്തു ഇതല്ല ഇവിടുത്തെ ജനങ്ങളുടെ കഥ എന്ന് പറഞ്ഞാണ് തുടങ്ങുന്നത് ..ലിജോ അണിയിച്ചൊരുക്കിയ മ്യൂസിക്കല്‍ ഡിവൈന്‍  കോമഡി എന്ന അച്ചില്‍ നിന്നും പിറന്ന ഈ മനോഹര കാവ്യം നമ്മുടെ കണ്ണിനു ഒരു തൃശ്ശൂര്‍ പൂരം കൂടിയാണ്  ഒരു  പുതിയ ദ്രിശ്യ ഭാഷ തന്നെയാണിത്  .

ഒരു ജനതയെ ജീവിപ്പിക്കുന്നതില്‍ സംഗീതത്തിനുള്ള സ്വാധീനം എത്രയെന്നു മിഴിവുറ്റ ദ്രിശ്യ മികവിലൂടെ പകര്‍ന്നു തരുന്നു .പള്ളിയും ക്രിസ്തുമതവും പശ്ച്ചാത്തലമാകുന്ന ഈ ചിത്രം ഒരു പസോളിനി ചിത്രങ്ങളുടെ ആക്ഷേപ ഹാസ്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ..ടിപ്പുപോലും തോറ്റോടിയ ചരിത്രമുള്ള പുണ്യാളന്റെ പരികര്‍മ്മികളുടെ ഇന്നത്തെ കര്‍മ്മം കാണിക്ക വഞ്ചി ചോര്‍ത്തല്‍ തന്നെ എന്ന് കപ്യാര്‍ കാട്ടുന്നുണ്ട് ..ഇതിനു നിഷ്കളങ്ക ബദലിനായി നായകത്വം വഹിക്കുന്ന ഫഹദ്‌ തന്റെ കരിയറിലെ അസാമാന്യ പ്രകടനം പുറത്തെടുത്ത്‌ കേവലം സ്ത്രീലംമ്പടന്‍ എന്ന ക്ലീഷേ കഥാപാത്രങ്ങള്‍ക്കും മുകളില്‍ വിരാജിക്കുന്നു .  കൂടാതെ ഇവിടെ സംഗീതത്തിന്റെ നായകത്വം ഏറ്റെടുക്കുന്നത്  ക്ലാര്‍ന്നെറ്റ്‌  എന്ന മുന്‍പ്‌ സിനിമയില്‍ കണ്ടിട്ടില്ലാത്ത ഉപകരണം ആണ്  ക്ലാര്‍ന്നെറ്റും ബാന്‍ഡ്‌ സംഘവും സംഗീതവും ഇന്നും മതങ്ങളില്‍ കുടുങ്ങി ക്കിടക്കുന്നു എന്ന് പറയാതെ പറഞ്ഞു വക്കുന്നു..
 അവിടെ പുതിയതായി എത്തുന്ന റിബല്‍ ആയ "വട്ടോളി" അച്ഛന്‍ തന്നെ ഒരു സറ്റയറിക്കല്‍ നാമം ആണ് അതിലെ ' "ട്ടോ"  മാറ്റിയാല്‍ കിട്ടുന്ന നാമം പുട്ടിനു പീര എന്ന പോലെ ചിത്രത്തിലുണ്ട് എന്നലൊട്ടത്രക്കശ്ലീലവുമായില്ല . പള്ളിയില്‍ നിന്ന് പുറത്താകുന്ന കഥാപാത്രം  വിഷമം പ്രകടിപ്പിക്കുന്ന രീതിയും, ക്ലൈമാക്സിലെ  സംഗീത യുദ്ധത്തിനിടയില്‍ ഫഹദിന്റെ എതിരാളി തിരിഞ്ഞു നിന്ന് കാട്ടുന്ന ചേഷ്ടകളും ഒക്കെ പറയുന്നത് എന്തെന്നാല്‍ " ജീവവായു വായിലൂടെ  കയറി എതിര്‍ വശത്ത് കൂടി പുറത്തു പോകുമ്പോള്‍ അത് ആവിഷ്കാരമാകുന്ന്ന്നില്ല" എന്നതാണ്; സിനിമയില്‍ പലപ്പോളായി നാം കേള്‍ക്കുന്ന കൃത്യമായ ആവൃത്തികളില്ലാത്ത ഈ സംഗീതാത്മകമല്ലാത്ത നാദം  അത്  പരിഹാസത്തിന് പാത്രമാകുകയാണ് ചെയ്യുന്നത്  മറിച്ചു അതെ വായിലൂടെ സര്‍ഗ്ഗ ശക്തിയായി പ്രകടിപ്പിക്കുമ്പോള്‍ ഏതു  ക്ലാര്‍ന്നെറ്റിനും  എത്ര ലോകവും കീഴടക്കാനാകും .  ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം തമാശകള്‍ക്ക്  ഇങ്ങനെ ഒരു ജൈവപരമായ അര്‍ത്ഥവും ഞാന്‍ കാണുന്നു.

ഇവിടെ നായകന്‍ തന്റെ ക്ലാര്‍ന്നെറ്റിന്നു   ജീവ ശ്വാസം നല്‍കുന്നത് തന്റെ ജീവിതത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ആണ് .ചിലര്‍ക്ക് സംഗീതത്തിനുള്ള പ്രചോദനം  ഭക്തിയും  മറ്റു ചിലര്‍ക്ക് അത് പ്രണയവും ആകുന്നു . ഇവിടെ ലിജോ തന്റെ നായകന്‍ ആയ സോളമനെ കൊണ്ട് ഭക്തിയുടെ പ്രതിരൂപത്തിന്റെ പുറത്തു കയറ്റി  നിര്‍ത്തി പ്രണയത്തിനായി കുഴല്‍വിളിപ്പിക്കുകയാണു  .വിപ്ലവകരവും മനോഹരവുമായ ഈ ദൃശ്യം ലിജോയുടെ  ഒരു ഉത്തമ സോളമ ഗീതം തന്നെ   .ഈ സിനിമയില്‍ സംഗീതത്തിന്റെ സ്വാധീനം വളരെ നന്നായി ലിജോ ഉപയോഗിച്ചിരിക്കുന്നു പലയിടത്തും സംഭാഷണം തന്നെ സംഗീതത്തില്‍ ആണ് ..ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പം പോലെ അത്ബുധമുളവാക്കുന്ന ഒറ്റ ഷോട്ടില്‍ ചെയ്ത ആ ഗാന രംഗവും മികച്ചതാണ് .

സ്ലോ മോഷന്‍ എങ്ങിനെ ചെയ്യണം എന്ന് അമല്‍ നീരദിനെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമയാണിത്

ക്ലൈമാക്സിലെ  ഒരു സംഗീത മല്‍സരം തന്നെ ജനത്തിനെ ആസ്വദിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞതു  അപാരം തന്നെ ഹിസ്‌ ഹൈനെസ്സ് അബ്ദുള്ള എന്ന സിനിമക്ക് ശേഷം കാണുന്ന ഒരു സംഗീത മല്‍സരം അതും ഒരു നാഗസ്വര കച്ചേരിയോ  ഷഹനായി വാദനമോ മുഴുവന്‍ കേട്ട് പരിച്ചയിചിട്ടില്ലാത്ത ,ആസ്വാദന ക്ഷമത കുറഞ്ഞ  ഒരു ന്യൂ ജെനെറേഷനെ പിടിച്ചിരുത്തുവാന്‍ കഴിഞ്ഞതിനെയും അഭിനന്ദിക്കാം   അതിനു വേണ്ടി മദ്യത്തോടൊപ്പം കുപ്പിച്ചില്ല് പോലും നക്കുന്ന ഒരു വില്ലന്‍പ്രതിയോഗിയെ ഇറക്കി  തകര്‍ത്തഭിനയിപ്പിച്ചിട്ടുണ്ട് .  മനോഹരമായ ഒരു ചൊല്ലിയാട്ടം കൂടി ഗാനരംഗത്തില്‍ ഇടകലര്‍ത്തിയെന്കിലും ലിജോയും കാവാലവും തിങ്ങി നിറഞ്ഞ കാണികളില്‍ നിന്ന് ഒരു കൂവലും കേള്‍ക്കേണ്ടി വന്നില്ല എന്നത് മലയാള ഗാനശാഖക്ക് കൂടി ഉത്തേജനം  പകരുന്ന ആശ്വാസമാണ് ...

ആമേനിലെ സോളമനും ശോശന്നയും ആണ് എനിക്ക് അന്നയും റസൂലിനെക്കാളും  ,വിനോദും ഐഷയെയുംക്കാള്‍ ഇഷ്ടപ്പെട്ടത് ..കാമുകനെ പഴി പറഞ്ഞാല്‍ പിതാവിന്റെ പോലും മുഖത്ത് മുളക് വെള്ളമൊഴിക്കുന്ന പ്രണയത്തിന്റെ തീത്തൈലമായ ശോശന്ന  ഈ ചൂട് കഞ്ഞിക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു കാന്താരി മുളക് തന്നെ .അച്ഛന്‍ പട്ടത്തിനു പോകുന്ന കാമുകനെ കുത്തിനു പിടിച്ചു തന്റെ കുട്ടികളുടെ അച്ഛനായാല്‍ മതി എന്ന് പറയിപ്പിക്കുന്ന ശോശന്ന  ആണ് നിശബ്ദയായ അന്നയെക്കാളും, കത്തിയെടുക്കുന്ന ടെസ്സയെക്കാളും  എനിക്കിഷ്ടപ്പെട്ടത് .സ്ത്രീ തന്റേടം കാണിച്ചാല്‍ പുലരുന്നത് നല്ല കുടുംബങ്ങള്‍ ആകും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഇങ്ങനെ പല മുളക് കഷായങ്ങളും ഉത്തതമഗീതങ്ങളും പ്രയോഗിക്കേണ്ടി വരും എന്ന്  സിനിമയുടെ  തന്റേടികളായ സ്ത്രീ കഥാപാത്രങ്ങളെല്ലാം -ഷാപ്പുകാരി ലീല ,രചനയുടെ പെങ്ങള്‍ കഥാപാത്രം ,വല്യമ്മച്ചി ,ശോശന്ന,കോണ്‍ട്രാക്ടറുടെ ഭാര്യ - ഓര്‍മ്മിപ്പിക്കുന്നു

ഇന്ദ്രജിത്തിനെ ഉപയോഗിക്കുന്നതിലെ ലിജോയുടെ കരുത്ത് ഒന്നുകൂടി  ഇതില്‍ വ്യക്തമാക്കി ,പൂതലിച്ചു കിടന്ന പിയാനോയുടെ മൂടി വലിച്ചെറിഞ്ഞു ജനത്തിന്റെ ഹൃദയത്തിലേക്ക് സംഗീതത്തിന്റെ ആത്മവിശാസം കൊടുക്കുകയും  മനോഹരമായി ക്ലാര്‍നെറ്റിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന വികാരിയച്ചന്‍, തിരുവസ്ത്രമിട്ടു കൊണ്ട് ചെയ്യരുത്‌ എന്ന് കല്‍പ്പിക്കുന്ന ഒററപ്ലാക്കനച്ചന്മാരുടെ മുന്നിലൂടെ കമിതാക്കളുടെ  പ്രണയസാക്ഷാത്കാരത്തിന് വണ്ടിയോടിക്കുകയും  ചെയ്ത് ,കുമരംകരി എന്ന ഗ്രാമത്തിന്റെ സാങ്കല്‍പ്പികമായ ആഗ്രഹത്തിന്റെ പ്രതിപുരുഷന്‍ കൂടിയായി മാറുകയാണ് .ലിജോയുടെ കാരിക്കേച്ചറിനും പുറമേ സ്വയം വരയ്ക്കുന്ന, ജോണ്‍ എബ്രഹാം കളരിയില്‍ നിന്നും വളര്‍ന്ന ജോയ്മാത്യൂ  എന്ന ഒററപ്പ്ളാക്കന്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു .

പള്ളി പൊളിച്ചാലും തങ്ങളുടെ കള്ള് മുടക്കരുത് എന്ന് പാടുന്ന ഗ്രാമത്തിന്റെ  ചെത്തു കാരനാണ് പള്ളിക്കും മേല്‍ ഉയര്‍ന്നു നില്‍ക്കുന്നിടത്തില്‍ വസിക്കുന്ന ദൈവം; കൂടാതെ പുണ്യാളന്റെ വേഷത്തില്‍ നിന്ന് സോളമന്‍  മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ ഈ രക്തത്തില്‍ തനിക്ക് പങ്കില്ല എന്നും  നയം വ്യക്തമാക്കുന്നുണ്ട്  ,മരിച്ചവരോടൊപ്പം മദ്യപിക്കുന്ന ശശി കലിംഗയുടെ വേഷം,വിഷക്കോല്‍ പാപ്പി , കള്ളുഷാപ്പുകാരി ലീല ,സുനില്‍ സുഖദയുടെ കപ്യാര്‍ ,മണിയുടെ ലൂയി പാപ്പാന്‍ തുടങ്ങി  ഓരോ പാത്രസൃഷ്ടികളും മികച്ചതാക്കുന്നതില്‍ ലിജോ കഠിനാധ്വാനം ചെയ്തിട്ടുണ്ട് .
ചിത്രമാവശ്യപ്പെടുന്ന ഗാനങ്ങള്‍ക്ക് മനോഹരമായി ഈണം പകര്‍ന്ന പ്രശാന്ത്‌ പിള്ള പശ്ചാത്തല സംഗീതവും ക്ലാര്‍നെറ്റിന്റെ  വിഷാദച്ഛായയില്‍ നമ്മെ മുക്കി കൊല്ലുന്നുണ്ട് ,ഓരോ ഗാനവും നന്നായി ചെയ്തു പ്രതീക്ഷകള്‍ തരുന്നു .. തിരക്കഥാകൃത്ത് പി എസ്  റഫീക്ക്‌ ഈ സിനിമയുടെ നെടുംതൂണ്‍ തന്നെ

എല്ലാത്തിലുമുപരി തേഞ്ഞു പഴകിയ ഒരു പ്രമേയം അതീവ ഹൃദ്യമാകുന്നത്; അവധാനതയോടെ സൂക്ഷ്മതയോടെ അടുക്കി വച്ച ഫ്രെയിമുകളുടെ മനോഹാരിതയിലാണ്‌ അതിനു മനോജിന്റെ എഡിറ്റിങ്ങും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് . സിനിമ സംവിധായകന്റെ കല തന്നെ എന്ന് പ്രഖ്യാപിക്കുന്ന ലിജോ മറ്റെല്ലാം തന്റെ വരുതിയിലാക്കി തുടച്ചു മിനുക്കി വിളക്ക് കൊളുത്തുന്നു .മലയാള സിനിമ ഇത് വരെ ചാലിക്കാത്ത നിരവധി ദ്രിശ്യങ്ങള്‍ ആണ് ഈ ക്യാമെറകള്‍ നമുക്ക് കാത്തു വയ്ക്കുന്നത് അഭിനന്ദന്‍ രാമാനുജം ഇതിനു  വലിയ അഭിനന്ദനം തന്നെ  അര്‍ഹിക്കുന്നുണ്ട് . മറ്റു പലര്‍ക്കും ആമേന്‍ എന്ന് സ്തുതിക്കാവുന്ന  ഒരു രീതി കൂടി ..ആറ്റിറമ്പിലെ രാത്രിയുടെ വശ്യതയും നദിയുടെ ഓരോ നേര്‍ത്ത ഓളങ്ങളും കുട്ടനാടിന്റെ ഭംഗിയും അവിടെ ജീവിച്ചവരിലേക്ക് പോലും ജീവിതം  വീണ്ടും തീവ്രമായി പ്രണയിപ്പിക്കുന്ന കാഴ്ചകള്‍ ആകുന്നു .
 ജയിക്കുവാന്‍ വേണ്ടി ക്ലാര്‍ന്നെറ്റിന്റെ റീഡ്‌ പോലും നിലത്തിട്ടുരക്കുന്ന ക്രൂരതയും അതിനു മറു അടി കൊടുത്തു അവനെ പിരിച്ചു വിടുന്ന സത്യസന്ധതയും വരെ ആവാഹിച്ചു ക്യാമാറയിലാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ പ്രതീക്ഷകളുടെ തേരിലേറുന്നു  .അതോടൊപ്പം ഒരു പള്ളി തന്നെ സെറ്റിടുവാന്‍ ധൈര്യം കാണിച്ച ഫരീദ്‌ ഖാന്‍ എന്ന നിര്‍മാതാവ് ഒരായിരം പള്ളി തന്നെ ഇനിയും കാണിച്ചു തരുമെന്നും കരുതാം.
 അധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങള്‍ താഴെയും, ഇടത്തരക്കാര്‍ മധ്യത്തും, സമ്പന്നര്‍ മുകളിലുമായ സമ്പത് ക്രമത്തിന്റെ തല തിരിഞ്ഞ പിരമിഡ്‌ പോലെ തല തിരിച്ചു വയ്ക്കുന്ന ഷോട്ടുകളും പല അര്‍ത്ഥ ശൂന്യതയെ പ്രതീകവല്‍ക്കരിക്കുന്നു .ഒന്ന് എടുത്തു തിരിച്ചു വച്ചാല്‍ തീരുന്ന പ്രശ്നങ്ങളും നികരുന്ന വിടവുകളും മാത്രമാണ് നമുക്ക് കൈമുതലായുള്ളതെന്നു ലിജോക്കൊപ്പം പ്രേക്ഷകരും വിധിയെഴുതട്ടെ .

സിനിമയെ  കുറിച്ചുള്ള വിവരങ്ങളും ഗാനങ്ങളും ഇവിടെ വായിക്കാം

ഇതിനു കടക വിരുദ്ധമായ ഒരു റിവ്യൂ ലിങ്ക്  കൂടി വായിക്കാം

15 comments:

  1. Replies
    1. നന്ദി പ്രവീണ്‍ :)

      Delete
    2. നന്ദായിരിക്കുന്നു സജു........മനോഹരം...

      Delete
  2. enikkum ithe abhiprayangal...
    iniyum varatte ith pole nalla reviews...

    ReplyDelete
  3. ഇഷ്ടപ്പെട്ട ജോഡിയുടെ പേര് മാറിപ്പോയത് മോശമായി... 'ശോശാമ്മ' അല്ല, 'ശോശന്ന' ആണ്..

    ReplyDelete
  4. എഴുത്ത് നന്നായി. നായികയുടെ പേര് ശോശന്ന എന്നായിരുന്നു കേട്ടോ, :) വില്ലന്‍ വേഷത്തില്‍ വരുന്ന മകരന്ദ് ദേശ്പാണ്ടേ ഒരു പ്രമുഖ മറാത്തി നടനുമാണ്.

    ReplyDelete
    Replies
    1. നന്ദി ..തിരുത്തിയിട്ടുണ്ട് ...മറാത്തിക്കാരെ അങ്ങിനെ സിനിമയില്‍ തോല്‍പ്പിച്ചു പക്ഷെ അഭിനയത്തില്‍ തോല്പ്പിക്കാനകുമോ എന്ന് സംശയമാണ് അത്രക്ക് ഗംഭീരം അഭിനയമാണ് മകരന്ദ്‌ കാഴ്ച വെച്ചത്

      Delete
  5. അമൃതം ഗമയക്കു നന്ദി

    ReplyDelete
  6. സിനിമയെ ഗൗരവമായി കാണുന്ന സജുവിനെ പോലെ ഉള്ളവരെയാണ് മലയാള സിനിമാ ലോകം ആവശ്യപ്പെടുന്നത്. ആസ്വാദനം നന്നായിട്ടുണ്ട്. താങ്കളുടെ പക്കൽ നിന്നും കൂടുതൽ കൂടുതൽ വിലയിരുത്തലുകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. നല്ല റിവ്യൂ .. സിനിമ വീണ്ടും കാണാന്‍ തോന്നുന്നു ഇത് വായിച്ചപ്പോള്‍ :)

    ReplyDelete
  8. നന്ദായിരിക്കുന്നു....സജു ......മനോഹരം.....

    ReplyDelete